Saturday, May 3, 2008

ആരണ്യകം

കൈതവാരണ്യങ്ങളില്‍ നടന്നെന്‍ കാലു-
മെന്‍ കരള്‍പ്പൂവും മുറിഞ്ഞു
കണ്ടകമാരികള്‍ പെയ്തുവീണെന്‍ മെയ്യു-
മേതോ കിളിയും പിടഞ്ഞു
എത്ര കിനാവുകള്‍ നഷ്ടം സമാശ്വാസ-
മേകുവാനല്ല പഴിക്കുവാനിഷ്ടം
ഹരണം കഴിഞ്ഞു കണക്കുനോക്കുമ്പോള്‍
വ്രണിതമീ ജീവിതം ശിഷ്ടം
ഗ്രഹണത്തിനേതു താളം,തീപിടിക്കുന്ന
വ്യര്‍ത്ഥമെന്‍ ചിന്തയ്ക്കു രാഹുകാലം
സര്‍ഗശക്തിക്കു പ്രവാസം,വരണ്ടെത്തി-
നോക്കും നിലാവിന്നു സന്നിപാതം
എണ്ണിയടുക്കാന്‍ തുടങ്ങവേ കൈവിട്ടു-
മണ്ണിലൊടുങ്ങിക്കിതയ്ക്കും സുഖാന്ത്യങ്ങള്‍
പിന്നിട്ടപാതയിലൊക്കെയുമക്കങ്ങള്‍-
ചൂടും ദുരന്തദൂരംചൂണ്ടിക്കല്ലുകള്‍
‍പോകുവാന്‍ നേരായ പാതയേത്,നേരു-
കാട്ടുവന്‍ പോന്നവന്‍ പോയതെങ്ങ്....
കൈതവാരണ്യങ്ങളില്‍ നടന്നെന്‍ കാലു-
മെന്‍ കരള്‍പ്പൂവും മുറിഞ്ഞു
കണ്ടകമാരികള്‍ പെയ്തുവീണെന്‍ മെയ്യു-
മേതോകിളിയും പിടഞ്ഞു....

4 comments:

കാര്‍വര്‍ണം said...

നിന്റെ പാതയില്‍ പൂ‍വിതറി,
നറു പുഞ്ചിരി,തന്‍ ചുണ്ടിലേറിയാ,
പെണ്‍കിടാവെങ്ങോ കാത്തിരിപ്പൂ,



പരീക്ഷയായിട്ട് പോയിരുന്നു പഠിക്കെടാ ചെക്കാ,
ജൂണ്‍ കഴിയാതെ നിന്നെയീ ഏരിയയില്‍ കണ്ടു പോകരുത്

മലബാറി said...

aaromal..
thutakkam nannaayi..
pinne onnum kandilla

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല കവിത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

Jayasree Lakshmy Kumar said...

നന്നായിരീക്കുന്നു ആരോമല്‍