Wednesday, May 21, 2008

വധശിക്ഷ

എനിക്കൊരാളെക്കൊല്ലണ-
മതിനെന്തെളുപ്പമാര്‍ഗ്ഗം
തിരഞ്ഞു ഞാന്‍
കഴുത്ത് ഞെക്കിപ്പിടിക്കുക
കൈവിഷംകൊടുത്തേയൊടുക്കുക
പതുക്കിവച്ചൊരു കഠാര
കൈപ്പിടി-
വരേയ്ക്കുമുള്ളില്‍കൊരുക്കുക..?
എനിക്കൊരാളെക്കൊല്ലണ-
മവനോടടുത്തു സ്നേഹം
നടിച്ചു ഞാന്‍....

Wednesday, May 7, 2008

നിര്‍വചനം

മിത്രമേ മിടിക്കുന്ന
ഹൃദയം തുരക്കുക
കാണാതെ വന്നെന്‍ കാതില്‍
കാരീയമിറ്റിക്കുക
എപ്പൊഴും നിഴലായെ-
ന്നൊപ്പമേ നടക്കുക
കണ്ണിന്റെ തിളക്കങ്ങള്‍
കട്ടു നീ കതിര്‍ക്കുക
നാവിന്മേല്‍ പാഷാണത്തിന്‍
പാരുഷ്യം പുരട്ടുക
ഉറ്റവന്‍ ഞാനെന്നാലു-
മൊറ്റു നീ കൊടുക്കുക
പാപത്തിന്‍ പണംകൊണ്ട്
പാനോപചാരം ചെയ്ക..
മിത്രമാണെന്നാലും നീ
സ്നേഹിക്കുന്നുമുണ്ടാവാം
അല്ലെങ്കിലെല്ലായ്പോഴും
നിഴലായ് നടക്കുമോ..

Tuesday, May 6, 2008

അവസ്ഥ

നഖമുനകള്‍ക്ക് മുറുക്കം പോരാ
നാവിന്
ശാപമെരുക്കം പോരാ
കണ്ണിനപരനിലെ ദോഷം-
കാണാനുള്ള വഴക്കം പോരാ
കുറ്റമൊളിക്കാനറിയില്ല,കരള്‍-
കൊത്തിനുറുക്കാനാവില്ല
പിന്നെങ്ങനെ ഞാനൊരു കവിയാകും
കൃതി-
യെങ്ങനെപിറവിയെടുക്കും...

Monday, May 5, 2008

ഏണി

നാലുചുറ്റും ചുമരുകള്‍ക്കുള്ളില്‍ ഞാന്‍
ഭീതിയേറും മുഖവുമായ് പിന്നില്‍ നീ
കണ്ണിലെന്തൊരു ദൈന്യത!മിത്രമേ
ഒറ്റയായുപേക്ഷിക്കില്ല നിന്നെ ഞാന്‍...
ചുറ്റുവന്‍മതില്‍ മേലെ നീലാകാശ-
മെത്രനക്ഷത്രമെത്രതേജോമയം
പുഞ്ചിരിക്കയാണിപ്പൊഴും വര്‍ഷങ്ങള്‍-
ക്കെത്രമുന്‍പേ പൊലിഞ്ഞതാണെങ്കിലും
അപ്പുറത്തെത്തിനോക്കുംനിഴലുകള്‍-
ക്കൊപ്പമെത്താനെനിക്കില്ല കൌതുകം
മിന്നിമായും മിനുക്കങ്ങള്‍ കണ്ടുനീ
കണ്‍ മിഴിക്കേ തപിച്ചുപോകുന്നു ഞാന്‍
രക്ഷയൊറ്റയ്ക്ക് ഞാന്‍ ,നീ-യനര്‍ഹന്റെ
നിത്യജീവനം നീതിയാം കാലമേ
ഒറ്റുകിട്ടുവാന്‍ നേരമായ് സ്നേഹിതര്‍-
കാത്തുനില്‍ക്കുന്നതെന്നെയോനിന്നെയോ
ഈയിരുട്ടിന്നിടത്തരം നീതിയില്‍
നേര്പാതിയും കാണാതിരിക്കിലും
തീ പിടിക്കും നടുക്കങ്ങള്‍ പോലെ നിന്‍
നെഞ്ചിടിക്കും തുടിപ്പുകള്‍ കേള്‍പ്പുഞാന്‍
വാരിയെല്ലു വലിച്ചൂരിനേരിന്റെ
കാരമുള്ളിനാല്‍ കോര്‍ത്തൂപരസ്പരം
ചാരിവയ്ക്കുന്നു സ്നേഹമണ്‍ ഭിത്തിയില്‍
കാലുവെയ്ക്കുക കയ്യേണിയാണു ഞാന്‍...

Saturday, May 3, 2008

ആരണ്യകം

കൈതവാരണ്യങ്ങളില്‍ നടന്നെന്‍ കാലു-
മെന്‍ കരള്‍പ്പൂവും മുറിഞ്ഞു
കണ്ടകമാരികള്‍ പെയ്തുവീണെന്‍ മെയ്യു-
മേതോ കിളിയും പിടഞ്ഞു
എത്ര കിനാവുകള്‍ നഷ്ടം സമാശ്വാസ-
മേകുവാനല്ല പഴിക്കുവാനിഷ്ടം
ഹരണം കഴിഞ്ഞു കണക്കുനോക്കുമ്പോള്‍
വ്രണിതമീ ജീവിതം ശിഷ്ടം
ഗ്രഹണത്തിനേതു താളം,തീപിടിക്കുന്ന
വ്യര്‍ത്ഥമെന്‍ ചിന്തയ്ക്കു രാഹുകാലം
സര്‍ഗശക്തിക്കു പ്രവാസം,വരണ്ടെത്തി-
നോക്കും നിലാവിന്നു സന്നിപാതം
എണ്ണിയടുക്കാന്‍ തുടങ്ങവേ കൈവിട്ടു-
മണ്ണിലൊടുങ്ങിക്കിതയ്ക്കും സുഖാന്ത്യങ്ങള്‍
പിന്നിട്ടപാതയിലൊക്കെയുമക്കങ്ങള്‍-
ചൂടും ദുരന്തദൂരംചൂണ്ടിക്കല്ലുകള്‍
‍പോകുവാന്‍ നേരായ പാതയേത്,നേരു-
കാട്ടുവന്‍ പോന്നവന്‍ പോയതെങ്ങ്....
കൈതവാരണ്യങ്ങളില്‍ നടന്നെന്‍ കാലു-
മെന്‍ കരള്‍പ്പൂവും മുറിഞ്ഞു
കണ്ടകമാരികള്‍ പെയ്തുവീണെന്‍ മെയ്യു-
മേതോകിളിയും പിടഞ്ഞു....

Tuesday, April 29, 2008

കടല്‍ജന്മം


പെരിയ മീനുകള്‍ പോരാടിനേടുമുള്‍-
ക്കടലിലാണെന്റെ ജീവിതം.
നേര്‍ക്കുനേര്‍-
പൊരുതിനില്‍ക്കാനുടല്‍ക്കരുത്തില്ലാത്തൊ-
രുരിയ ജന്മം,നിരന്വയം,നിര്‍മമം..

കരയിലേറിയും ,തേറിയും ഉള്ളിലൂ-
ടെരിയുമേതോ പൊരിത്തീ പടര്‍ത്തിയും
നുരയൊടുങ്ങാ കലിപ്പുറത്തേറുമി-
ത്തിരയിലങ്ങിങ്ങു പായുകയാണു ഞാ‍ന്‍..