Wednesday, May 21, 2008

വധശിക്ഷ

എനിക്കൊരാളെക്കൊല്ലണ-
മതിനെന്തെളുപ്പമാര്‍ഗ്ഗം
തിരഞ്ഞു ഞാന്‍
കഴുത്ത് ഞെക്കിപ്പിടിക്കുക
കൈവിഷംകൊടുത്തേയൊടുക്കുക
പതുക്കിവച്ചൊരു കഠാര
കൈപ്പിടി-
വരേയ്ക്കുമുള്ളില്‍കൊരുക്കുക..?
എനിക്കൊരാളെക്കൊല്ലണ-
മവനോടടുത്തു സ്നേഹം
നടിച്ചു ഞാന്‍....

Wednesday, May 7, 2008

നിര്‍വചനം

മിത്രമേ മിടിക്കുന്ന
ഹൃദയം തുരക്കുക
കാണാതെ വന്നെന്‍ കാതില്‍
കാരീയമിറ്റിക്കുക
എപ്പൊഴും നിഴലായെ-
ന്നൊപ്പമേ നടക്കുക
കണ്ണിന്റെ തിളക്കങ്ങള്‍
കട്ടു നീ കതിര്‍ക്കുക
നാവിന്മേല്‍ പാഷാണത്തിന്‍
പാരുഷ്യം പുരട്ടുക
ഉറ്റവന്‍ ഞാനെന്നാലു-
മൊറ്റു നീ കൊടുക്കുക
പാപത്തിന്‍ പണംകൊണ്ട്
പാനോപചാരം ചെയ്ക..
മിത്രമാണെന്നാലും നീ
സ്നേഹിക്കുന്നുമുണ്ടാവാം
അല്ലെങ്കിലെല്ലായ്പോഴും
നിഴലായ് നടക്കുമോ..

Tuesday, May 6, 2008

അവസ്ഥ

നഖമുനകള്‍ക്ക് മുറുക്കം പോരാ
നാവിന്
ശാപമെരുക്കം പോരാ
കണ്ണിനപരനിലെ ദോഷം-
കാണാനുള്ള വഴക്കം പോരാ
കുറ്റമൊളിക്കാനറിയില്ല,കരള്‍-
കൊത്തിനുറുക്കാനാവില്ല
പിന്നെങ്ങനെ ഞാനൊരു കവിയാകും
കൃതി-
യെങ്ങനെപിറവിയെടുക്കും...

Monday, May 5, 2008

ഏണി

നാലുചുറ്റും ചുമരുകള്‍ക്കുള്ളില്‍ ഞാന്‍
ഭീതിയേറും മുഖവുമായ് പിന്നില്‍ നീ
കണ്ണിലെന്തൊരു ദൈന്യത!മിത്രമേ
ഒറ്റയായുപേക്ഷിക്കില്ല നിന്നെ ഞാന്‍...
ചുറ്റുവന്‍മതില്‍ മേലെ നീലാകാശ-
മെത്രനക്ഷത്രമെത്രതേജോമയം
പുഞ്ചിരിക്കയാണിപ്പൊഴും വര്‍ഷങ്ങള്‍-
ക്കെത്രമുന്‍പേ പൊലിഞ്ഞതാണെങ്കിലും
അപ്പുറത്തെത്തിനോക്കുംനിഴലുകള്‍-
ക്കൊപ്പമെത്താനെനിക്കില്ല കൌതുകം
മിന്നിമായും മിനുക്കങ്ങള്‍ കണ്ടുനീ
കണ്‍ മിഴിക്കേ തപിച്ചുപോകുന്നു ഞാന്‍
രക്ഷയൊറ്റയ്ക്ക് ഞാന്‍ ,നീ-യനര്‍ഹന്റെ
നിത്യജീവനം നീതിയാം കാലമേ
ഒറ്റുകിട്ടുവാന്‍ നേരമായ് സ്നേഹിതര്‍-
കാത്തുനില്‍ക്കുന്നതെന്നെയോനിന്നെയോ
ഈയിരുട്ടിന്നിടത്തരം നീതിയില്‍
നേര്പാതിയും കാണാതിരിക്കിലും
തീ പിടിക്കും നടുക്കങ്ങള്‍ പോലെ നിന്‍
നെഞ്ചിടിക്കും തുടിപ്പുകള്‍ കേള്‍പ്പുഞാന്‍
വാരിയെല്ലു വലിച്ചൂരിനേരിന്റെ
കാരമുള്ളിനാല്‍ കോര്‍ത്തൂപരസ്പരം
ചാരിവയ്ക്കുന്നു സ്നേഹമണ്‍ ഭിത്തിയില്‍
കാലുവെയ്ക്കുക കയ്യേണിയാണു ഞാന്‍...